ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ജന്മികുടിയാന്‍ ബന്ധങ്ങളിലധിഷ്ഠിതമായ സാമൂഹ്യ ഘടനയില്‍ നിന്നാണ് ഈ പ്രദേശത്തിന്റെ ലഭ്യമായ ചരിത്രം ആരംഭിക്കുന്നത്. 1792-ല്‍ ബ്രിട്ടീഷ് കമ്പനി മലബാറിന്റെ ഭരണം ഏറ്റെടുക്കുമ്പോള്‍ കടത്തനാടന്‍ കല്ലിനു കിഴക്കുള്ള പ്രദേശങ്ങള്‍ (ഇന്നത്തെ കുന്നുമ്മല്‍ പഞ്ചായത്തിന്റെ മൊകേരി ഉള്‍പ്പെടുന്ന ചില പ്രദേശങ്ങള്‍, കായക്കൊടി, കുറ്റ്യാടി, കാവിലുമ്പാറ എന്നീ ഭാഗങ്ങള്‍) കോട്ടയം അഥവാ കൊറ്റ്യോട്ട് രാജാവിന്റെ അധീനതയിലായിരുന്നു. വീരപഴശ്ശി കേരളവര്‍മ്മ രാജയായിരുന്നു ആ കാലത്ത് കോട്ടയം രാജാവ്. ഭൂമിയുടെ അധീശത്വം ചില ജന്മി കുടുംബങ്ങള്‍ക്കായിരുന്നു. ആക്കലിടം, നിടുമണ്ണൂര്, ചേലോട്ടിടം, കുറുങ്ങോട്ടിടം എന്നിവ പ്രധാനപ്പെട്ട ജന്മികുടുംബങ്ങളായിരുന്നു. രാജാവിന്റെ പ്രതിപുരുഷനായി നാടുവാണിരുന്നവര്‍ നാടുവാഴികളായി അറിയപ്പെട്ടു. അരിയിട്ടു വാഴ്ച എന്ന പേരിലായിരുന്നു ഇത് അറിയപ്പെട്ടത്. നെടുമണ്ണൂര്‍, ആക്കലിടം, കുറുങ്ങോട്ടിടം, ചേലോട്ടിടം എന്നീ നാടുവാഴിക്കുടുംബങ്ങള്‍ക്കായിരുന്നു നാടുവാഴ്ചയ്ക്കുള്ള അധികാരം. മരുമക്കത്തായ സമ്പ്രദായം നിലനിന്നുവന്ന ഇത്തരം കുടുംബങ്ങളില്‍ മൂത്ത കാരണവര്‍ മൂപ്പില്‍ സ്ഥാനിയായി അറിയപ്പെട്ടു. കുടിയാന്മാര്‍ നല്കിവന്ന പാട്ടമായിരുന്നു ജന്മിനാടുവാഴി കുടുംബങ്ങളിലെ വരുമാനത്തിന്റെ മുഖ്യ സ്രോതസ്സ്. ചങ്ങരംകുളം യു.പി.സ്കൂളില്‍ വെച്ചു നടന്ന മിശ്രഭോജനം സാമൂഹിക പരിഷ്ക്കരണരംഗത്ത് പ്രത്യേകം പരാമര്‍ശിക്കുന്ന ഒരു സംഭവമാണ്. യശ:ശരീരനായ എ.കെ.ഗോപാലന്‍, കെ.കേളപ്പന്‍, മൊയാരത്ത്ശങ്കരന്‍ എന്നിവര്‍ തദ്ദേശീയരായ സാമൂഹ്യ പ്രവര്‍ത്തകരോടൊപ്പം മിശ്രഭോജനത്തില്‍ പങ്കെടുക്കാന്‍ ഈ വിദ്യാലയത്തില്‍ എത്തിച്ചേരുകയുണ്ടായി. മനസ്സ് അനുവദിക്കാതെ മാറി നിന്ന ഒരു ഹരിജന്‍ ബാലനെ എ.കെ.ഗോപാലന്‍ മടിയിലിരുത്തി ഊണുകൊടുത്ത സംഭവം ഗ്രാമത്തിലെ പഴമക്കാര്‍ ഇന്നും ഉള്‍പുളകത്തോടെ ഓര്‍ക്കുന്നു.ഗതകാല സംസ്കൃതികളെക്കുറിച്ചുള്ള അറിവ് തലമുറകളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടത് കലാരൂപങ്ങളിലൂടെയാണ്. പാടിപ്പതിഞ്ഞ നാടന്‍ പാട്ടുകളില്‍ നാടുവാഴികളുടെ ചെയ്തികള്‍ പരാമര്‍ശിക്കുന്ന ഈരടികളും ചരിത്രത്തിലെ വീരസ്മൃതികളുമുണ്ട്.തന്റെ രാജ്യത്തിന്റെ ആസ്ഥാനമായ പഴശ്ശിയില്‍ നിന്നും വയനാട്ടിലേക്കും, അവിടെ നിന്ന് തിരിച്ചും ഗറില്ലാ സമരം നടത്തിയ പഴശ്ശിക്ക് കായക്കൊടിയിലെ മലമ്പ്രദേശങ്ങള്‍ ഇടത്താവളങ്ങളായിരുന്നിട്ടുണ്ട്. പഴശ്ശിയുടെ ചരിത്രമുഹൂര്‍ത്തങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന ചില സ്ഥലനാമങ്ങള്‍ ഈ പ്രദേശങ്ങള്‍ക്കുണ്ട്. യാത്രാമദ്ധ്യേ പഴശ്ശി പട്ടിണികിടക്കേണ്ടി വന്ന കുന്നിന്‍ പ്രദേശം പഷ്ണിക്കുന്ന് ആയി മാറിയെന്ന് ജനങ്ങള്‍ വിശ്വസിച്ചു പോരുന്നു. പടവെട്ടിയാന്‍പാറ, പാലുകാച്ചിമല, ഉറിതൂക്കിമല എന്നിവയും ചരിത്ര സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന ചില സ്ഥലനാമങ്ങളാണ്. ഈ മലനിരകളിലെ ഊടുവഴികളിലൂടെ നാടുകാണിയിലെത്തുക എളുപ്പവും സുരക്ഷിതവുമാണ്. ഈ ദേശത്തിനടുത്തുനിന്നും കണ്ടെടുത്ത വാളും വാള്‍പിടിയും സ്ഥലനാമങ്ങള്‍ സംബന്ധിച്ച വിശ്വാസത്തിലേക്ക് വെളിച്ചം വീശുന്ന തെളിവുകളാണ്.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ശ്രീനാരായണഗുരുവിന്റെയും വാഗ്ഭടാനന്ദന്റെയും സ്വാധീനം ഈ പ്രദേശത്തും ജനതയുടെ ചിന്താമണ്ഡലത്തില്‍ നവോത്ഥാനത്തിന്റെ പുതിയ വെളിച്ചം വീശി. 1920-കളുടെ ആരംഭത്തില്‍ കായക്കൊടി വില്ലേജിലെ ആദ്യത്തെ കോണ്‍ഗ്രസ്സ് കമ്മിറ്റി നിലവില്‍ വന്നു. കൊയിലോത്ത് കൃഷ്ണന്‍ നമ്പ്യാരായിരുന്നു ആദ്യത്തെ പ്രസിഡന്റ്. കുറുങ്ങോട്ടു കുന്നുമ്മല്‍ ചന്തുകുറുപ്പ് ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. കായക്കൊടി ഗാന്ധി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും യുവാക്കളെ പ്രസ്ഥാനത്തിന്റെ ആശയങ്ങളില്‍ ആകൃഷ്ടരാക്കുകയും ചെയ്തു. സമീപ പ്രദേശമായ മൊകേരി സാമൂഹിക സവോത്ഥാന പ്രസ്ഥാനങ്ങളുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും ശക്തി കേന്ദ്രങ്ങളിലൊന്നായിരുന്നു.1930-ന്റെ ആരംഭത്തില്‍ ഉപ്പ് നിയമ ലംഘനത്തിനുള്ള മഹാത്മാഗാന്ധിയുടെ ആഹ്വാനത്തിന്റെ അല മലബാറിലും ആഞ്ഞുവീശിത്തുടങ്ങി. ഏപ്രില്‍ 13-ന് കേളപ്പജിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നിന്നാരംഭിച്ച ഉപ്പു സത്യാഗ്രഹ ജാഥ മലബാറിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടെ പയ്യന്നൂരിനെ ലക്ഷ്യമാക്കി നീങ്ങി. ബാലുശ്ശേരി, നടുവണ്ണൂര്‍, കുറ്റ്യാടി തളീക്കര, ചങ്ങരംകുളം, കക്കട്ട് എന്നീ പ്രദേശങ്ങളിലൂടെയാണ് ജാഥ കടന്നുപോയത്. മൊയാരത്ത് ശങ്കരന്‍, പി.കൃഷ്ണപ്പിള്ള രാമര്‍കുറുപ്പ്, ടി.എസ്സ്.തിരുമുമ്പ്, കെ.എ.കേരളീയന്‍ തുടങ്ങി 33 പേരാണ് ജാഥയിലുണ്ടായിരുന്നത്. ജാഥയ്ക്ക് ചങ്ങരംകുളം യു.പി.സ്കൂളില്‍ ഉജ്ജ്വലമായ സ്വീകരണം ഏര്‍പ്പെടുത്തിയിരുന്നു. ഉപ്പ് സത്യാഗ്രഹത്തിന്റെ പ്രചരണപ്രസംഗം നടത്തിയതിന് എ.പി.കൃഷ്ണന്‍ തളീക്കരയില്‍ അറസ്റ്റുചെയ്യപ്പെട്ടു നാലുമാസം ജയിലിലടച്ചു.1931 ലെ ഗുരുവായൂര്‍ സത്യാഗ്രഹത്തോടൊപ്പം നാട്ടിന്റെ നാനാഭാഗത്തും തീണ്ടലിനെതിരായ ശക്തമായ സാമൂഹ്യ മുന്നറ്റങ്ങളുണ്ടായി.പാട്ടത്തിനെടുക്കുന്ന കിഴക്കന്‍ മലകളില്‍ കര്‍ഷകര്‍ സംഘടിതമായി പുനം(നെല്ല്) കൃഷി ചെയ്തുവന്നു.1930-കളുടെ അവസാനത്തോടെ മലയോരങ്ങള്‍ സംഘര്‍ഷ മേഖലകളായി മാറി. കര്‍ഷകര്‍ സംഘടിച്ച് മര്യാദപാട്ടത്തിനുവേണ്ടി സമരമാരംഭിച്ചു. ഈ പ്രദേശത്തെ പ്രഥമ കര്‍ഷക സമ്മേളനം വട്ടോളിയില്‍ വെച്ചു നടന്നു. ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട്, കെ.കേളപ്പന്‍, കെ.ദാമോദരന്‍ മുതലായവര്‍ പങ്കെടുത്ത സമ്മേളനമായിരുന്നു അത്. കെ.ദാമോദരന്റെ പാട്ടബാക്കി ഗ്രാമങ്ങളില്‍ അവതരിപ്പിച്ചു. കോവുക്കുന്ന് നാടകം അവതരിപ്പിച്ച ഗ്രാമങ്ങളില്‍ ഒന്നായിരുന്നു. കര്‍ഷക സമരങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതിന് അരങ്ങുകള്‍ പ്രയോജനപ്പെട്ടു.1941-ല്‍ എ.വി.കുഞ്ഞിരാമന്‍ നായരും കുട്ടിക്കൃഷ്ണമാരാരും വ്യക്തി സത്യാഗ്രഹത്തില്‍ പങ്കെടുത്തു. കുറ്റ്യാടി ഒരു സമരകേന്ദ്രമായിരുന്നു. ഇതേ കാലഘട്ടത്തില്‍ കെ.എം.കുട്ടിക്കൃഷ്ണമാരാര്‍ സത്യാഗ്രഹ സന്ദേശവുമായി ഡല്‍ഹിയെ ലക്ഷ്യം വെച്ചു നടക്കാന്‍ ആരംഭിച്ചു. യാത്രയുടെ ഓരോ ഘട്ടത്തിലും പുതിയ സമരഭടന്മാര്‍ ജാഥയോടൊപ്പം ചേര്‍ന്നു. നവംബര്‍ 21-ാം തിയതി കുട്ടിക്കൃഷ്ണമാരാര്‍ അറസ്റ്റുചെയ്യപ്പെട്ടു. ബെല്ലാരി അലിപുരം സെന്‍ട്രല്‍ ജയിലില്‍ തടവ്. ജയില്‍ മോചിതനായ മാരാര്‍ നാട്ടില്‍ തിരിച്ചെത്തി സംഘടനാപ്രവര്‍ത്തനങ്ങളില്‍ മുഴുകി.1942 ആഗസ്റ്റ് 27-ന് കക്കട്ടില്‍ രജിസ്ട്രാഫീസ് പിക്കറ്റ് ചെയ്തു. കുറ്റ്യാടിയില്‍ നിന്ന് ആരംഭിച്ച പിക്കറ്റിങ്ങ് ജാഥയ്ക്ക് എ.വി.കുഞ്ഞിരാമന്‍ നായര്‍ നേതൃത്വം നല്‍കി.രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം കലാസാംസ്കാരിക രംഗത്തുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിലും മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചവരില്‍ ഓര്‍മ്മിക്കപ്പെടേണ്ട പേരുകളില്‍ ഒന്നാണ് കരുവളത്തില്‍ കുഞ്ഞമ്മദ് സാഹിബിന്റേത്.ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ മാത്രം ഉപയോഗിച്ചുവന്ന പുള്ളിനോട്ട് ക്ഷേത്രക്കുളത്തില്‍ ജാതിമതഭേദമെന്യേ കുളിച്ചുകൊണ്ടാണ് ഈ പ്രദേശത്ത് അയിത്തോച്ഛാടനസമരത്തിന് തുടക്കം കുറിച്ചത്.പ്രദേശത്തിന്റെ നവോത്ഥാന ദേശീയ പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ കായക്കൊടിയിലെ വിദ്യാലയങ്ങള്‍ക്ക് നിര്‍ണ്ണായകമായ പങ്കുണ്ടായിരുന്നു.തയ്യുള്ളതില്‍ കുഞ്ഞി മൊയ്തീന്‍ സ്ഥാപിച്ച ഹയാത്തൂല്‍ ഇസ്ളാം മദ്രസ പില്‍ക്കാലത്ത് സര്‍ക്കാര്‍ വിദ്യാലയമാക്കാന്‍ വിട്ടുകൊടുക്കുകയാണുണ്ടായത്. 1940 കളുടെ തുടക്കത്തില്‍ പള്ളിയില്‍ വെച്ചു മത പഠനം നടത്തുന്ന സമ്പ്രദായം ദേവര്‍ കോവില്‍ പ്രദേശത്ത് നിലവിലുണ്ടായിരുന്നു. അറബി മലയാളം എന്ന പ്രത്യേക ലിപി അഭ്യസിച്ചതിലൂടെ മുസ്ളീം സ്ത്രീ വിഭാഗങ്ങളില്‍ സാക്ഷരത കൈവരിക്കാന്‍ ഈ കാലഘട്ടത്തില്‍ കഴിഞ്ഞിട്ടുണ്ട്.കായക്കൊടി പഞ്ചായത്തിലെ കോവുക്കുന്ന് ദേശം കളരി ആഭ്യാസികളുടെയും കോല്‍ക്കളി ആശാന്‍മാരുടെയും കേളീരംഗമായിരുന്നു.ഓമനപ്പുതിയോനും തമ്പുരാട്ടിയും, പൊട്ടത്തി ഭഗവതി, കരിയാത്തന്‍ തിറ എന്നിവയ്ക്കു പുറമെ മാങ്ങോട്ട്, വലിയപുത്തമ്പുര, നടോല്‍, വരിക്കോളി എന്നിവിടങ്ങളിലും തിറ ഉത്സവം കൊണ്ടാടുന്നു. ഇത്തരം തനത് കലാരൂപങ്ങളോട് ജനങ്ങള്‍ ഇന്നും വര്‍ദ്ധിച്ചതോതിലുള്ള ആഭിമുഖ്യം പുലര്‍ത്തിപ്പോരുന്നു. പഴയകാലത്ത് കായക്കൊടിയില്‍ ഒത്തുകൂടിയവരില്‍ ബേപ്പൂരിന്റെ പ്രിയപ്പെട്ട കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍, നെല്ലിക്കോട് ഭാസ്കരന്‍, ഗായകന്‍ ബാബുരാജ് എന്നിവരുടെ നാമധേയങ്ങള്‍ പ്രധാനപ്പെട്ടതാണ്. കായക്കൊടിയിലെ ആദ്യകാല കലാപ്രവര്‍ത്തനങ്ങള്‍ ഒറ്റപ്പെട്ട ചില നാടക പരിശ്രമങ്ങളില്‍ ഒതുങ്ങിയിരുന്നു. കെ.ദാമോദരന്റെ പാട്ടബാക്കി, ടി.കെ.കൃഷ്ണക്കുറുപ്പിന്റെ മര്‍ദ്ദിതന്‍ എന്നിവ ആദ്യകാലത്ത് കായക്കൊടിയില്‍ അരങ്ങേറിയ നാടകങ്ങളാണ്. പുതിയ തലമുറയ്ക്ക് നാടകത്തിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നുകൊടുക്കാന്‍ ശ്രമിച്ച യു.ടി. നാരായണന്‍ മാസ്റ്ററുടെ അകാല വേര്‍പാട് നികത്താനാവാത്ത നഷ്ടമായി തന്നെ അവശേഷിക്കുകയാണ്.കായക്കൊടി പഞ്ചായത്തിലെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് കൊട്ടിയൂര്‍ ദേവസ്വത്തിനു കീഴിലുള്ള ജാതിയൂര്‍ ക്ഷേത്രം. കൊട്ടിയൂര്‍ ശിവക്ഷേത്രത്തിലെ ദക്ഷയാഗത്തിന് തീ കൊണ്ടുപോകുന്നത് ഈ ക്ഷേത്രത്തില്‍ നിന്നാണ്. യാഗ തീയൂര് ലോപിച്ചാണ് ജാതിയൂര്‍ ആയത് എന്നത് ചരിത്രം. ഇതിന് സമീപത്തുള്ള ചാതിയൂര്‍ ശിവക്ഷേത്രം മറ്റൊരു പൌരാണിക ക്ഷേത്രമാണ്.മുസ്ളീം ആരാധനാലയങ്ങളില്‍ നടന്നുവരുന്ന ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടത് ചെറിയപെരുന്നാളും ബലിപ്പെരുന്നാളുമാണ്.തച്ചോളി ഒതേനനും ഉണ്ണിയാര്‍ച്ചയും അഭ്യാസമുറകളിലുടെ ചുവടുറപ്പിച്ച കളരിയാണ് കടത്തനാട്.